നാടകീയമായ ആദ്യ വാരത്തിനു ശേഷം സൂപ്പർ ലീഗ് കേരള വീണ്ടും മടങ്ങിയെത്തുകയാണ്. ഉല്ലാസവും പ്രതീക്ഷയും നിറഞ്ഞ മൂന്ന് മത്സരങ്ങൾ ഈ വാരാന്ത്യത്തിൽ കേരളത്തിന്റെ മൂന്നു നഗരങ്ങളിൽ നടക്കും.
തിരുവനന്തപുരത്ത് കൊമ്പൻസ് എഫ്.സി. vs ഫോഴ്സ കോച്ചി എഫ്.സി. (ഒക്ടോബർ 10, വെള്ളി – സി.എസ്.എൻ. സ്റ്റേഡിയം)
തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കൊമ്പൻസ് എഫ്.സി. വീണ്ടും ഇറങ്ങുന്നു, ഇത്തവണ കൊച്ചിക്കെതിരെയാണ് കളി. ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എതിരേ 2–3ന് തോറ്റെങ്കിലും അവർ പോരാട്ടവീര്യം കാണിച്ചിരുന്നു. റൊണാൾഡ് മുന്നേറ്റത്തിൽ തിളങ്ങിയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ വിലയേറിയ മൂന്ന് പോയിന്റുകൾ നഷ്ടമാക്കി. കഴിഞ്ഞ സീസണിൽ ഫോഴ്സ കോച്ചിക്കെതിരെ ഇരട്ട തോൽവി നേരിട്ടതിനാൽ ഈ മത്സരത്തിൽ കൊമ്പൻസ് തിരിച്ചടി ലക്ഷ്യമിട്ടാണ് കളത്തിലറങ്ങുന്നത്. മറുവശത്ത്, ഫോഴ്സ കോച്ചി ആദ്യ മത്സരത്തിൽ കോഴിക്കോട് എതിരേ 1–2ന് അവസാന നിമിഷ ഗോളിലൂടെ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാനാനിറങ്ങുന്നത്. നിജോ ഗിൽബർട്ട് വിങ്ങിലും , ഡച്ച് താരമായ വാൻ കെസൽ മുന്നേറ്റത്തിലും തിളങ്ങിയിരുന്നു.
കാലിക്കറ്റ് എഫ്.സി. vs തൃശൂർ മാജിക് എഫ്.സി. (ഒക്ടോബർ 11, ശനി – ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയം)
കാലിക്കറ്റ് എഫ്.സി. സ്വന്തം മൈതാനത്ത് വീണ്ടുമിറങ്ങുന്നു. ഫോഴ്സ കോച്ചിക്കെതിരെ അരുണ്‍ കുമാറിന്റെ 92-ാം മിനിറ്റ് ഗോളിലൂടെ വിജയം കരസ്ഥമാക്കിയത് ടീമിന്റെ പോരാട്ട മനോഭാവം തെളിയിച്ചു. പക്ഷേ കോഴിക്കോടിന്റെ മധ്യനിര നന്നായി തിളങ്ങിയിരുന്നില്ല. മറുവശത്ത് തൃശൂർ മാജിക് എഫ്.സി. മലപ്പുറം എതിരേ 0–1 തോൽവി നേരിട്ടെങ്കിലും, പന്തടക്കത്തിൽ ആധിപത്യം പുലർത്തി. ട്രിനിഡാഡ് ടൊബാഗോയുടെ താരമായ മാർക്കസ് ജോസഫ് പ്രതീക്ഷിച്ച പോലെ തിളങ്ങിയിരുന്നില്ല ആദ്യ മത്സരത്തിൽ. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു തൃശൂർ മാജിക്, എങ്കിലും അവർ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി.ക്കെതിരെ തോൽവിയില്ലാതെ നിന്ന ഏക ടീമാണ്. ഈ റെക്കോർഡ് തന്നെ ശനിയാഴ്ച നടക്കുന്ന മത്സരത്തിന് കൂടുതൽ ആവേശം പകരും.
മലപ്പുറം എഫ്.സി. vs കണ്ണൂർ വാരിയേഴ്സ് എഫ്.സി. (ഒക്ടോബർ 12, ഞായർ – പയ്യന്നാട് സ്റ്റേഡിയം)
ഞായറാഴ്ച പയ്യന്നാട്ട് അരങ്ങേറുന്ന ഈ മത്സരം ആഴ്ചയിലെ ഹൈലൈറ്റ് ആയിരിക്കും. മലപ്പുറം എഫ്.സി. തൃശൂർ എതിരേ 1–0 വിജയം നേടി തുടക്കം നന്നാക്കിയിരുന്നു. റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോളിലൂടെ കേരളത്തിലെ അദ്ദേഹത്തിന്റെ തുടക്കം മികച്ചതാക്കി. എങ്കിലും ചരിത്രം അവരുടെ പക്ഷത്ത് ഇല്ല. കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്സ് ഇരട്ട ജയങ്ങളാണ് ഇവർക്കെതിരെ നേടിയത്. ഈ സീസണും അവർ മികച്ച ഫോമിലാണ്. കൊമ്പൻസിന് എതിരേ 3–2 വിജയം സ്വന്തമാക്കിയ കണ്ണൂർ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. ഐ-ലീഗ് അനുഭവ സമ്പന്നനായ അബ്ദു കരീമാണ് ടീമിന്റെ കുന്തമുന. രണ്ടു ടീമുകളും ആക്രമണ ശൈലിയിൽ കളിക്കുന്നതിനാൽ പയ്യന്നാട്ട് പ്രേക്ഷകർക്ക് ഗോളുകൾ നിറഞ്ഞ ഞായറാഴ്ച പ്രതീക്ഷിക്കാം.